കാഞ്ഞങ്ങാട്: പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടിയുടെ ഭാഗമായി പള്‍സ് പോളിയോ ദിനത്തില്‍ ജില്ലയിലെ അഞ്ചു വയസിനു താഴെയുള്ള 87,281 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്കി. ഇന്നലെ പോളിയോ തുള്ളി മരുന്ന് സ്വീകരിക്കാന്‍ സാധിക്കാത്ത അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ഇന്നും നാളെയും ആരോഗ്യപ്രവര്‍ത്തകര്‍ അവരുടെ വീടുകള്‍ സന്ദര്‍ശിച്ചു പോളിയോ തുള്ളിമരുന്ന് നല്‍കും.
പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഗോവിന്ദന് പള്ളിക്കാപ്പില്‍ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്മാന് വി.വി. രമേശന് അധ്യക്ഷതവഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ മഹമൂദ് മുറിയാനാവി, വാര്‍ഡ് കൗണ്‍സിലര്‍ എം.എ. രേഷ്മ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ. സന്തോഷ്, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യ ദയാനന്ദ്, വിനോദ്കുമാര്‍, ഇ-സഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ. ബേസില്‍ വര്‍ഗീസ്, ടെക്നിക്കല്‍ അസിസ്റ്റന്റ് എം. ചന്ദ്രന്, കാഞ്ഞങ്ങാട് ബ്ലോക്ക് സിഡിപിഒ സി.ജെ. സായാഹ്ന, ജില്ലാ എംസിഎച്ച് ഓഫീസര്‍ സ്റ്റെല്ല ജോസഫ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ അങ്കണവാടികള്‍, സ്കൂളുകള്‍ ആരോഗ്യ കേന്ദ്രങ്ങള്‍ ബസ്സ്റ്റാന്‍ഡുകള്‍ റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ജില്ലയിലെ എല്ലാ സ്ഥലത്തും ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു. കൂടാതെ ഇതരസംസ്ഥാന തൊഴിലാളികളുടെ അഞ്ചുവയസിനു താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതിനായി മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ സജ്ജീകരിച്ചിരുന്നു.